സേവനാവകാശ നിയമം (Right to Service Act)
സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം (Right to Service Act). സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ വകുപ്പുകളും നടത്തുന്ന എല്ലാവിധ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന നിയമമാണ് ഇത്. ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകാത്തവർക്കു പിഴ അടക്കമുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വരും.
കേരള സംസ്ഥാന സേവനാവകാശ നിയമം 2012
---------------------------------------------------------------------------
കേരളം 2012 ജൂലൈ 12 ന് സേവനാവകാശ നിയമം പാസ്സാക്കി. കേരള സംസ്ഥാന സേവനാവകാശ നിയമം 2012, 2012 നവംബർ 1-)0 തിയ്യതി പ്രബല്യത്തിൽ വന്നു.
സേവനം
--------------
സേവനം എന്നാല്‍ എന്ത് എന്നത് ഈ നിയമത്തിന്റെ 2-)0 വകുപ്പിൽ നിർവ്വചിച്ചിട്ടുണ്ട്. സേവനം എന്നാൽ, തൽസമയം പ്രാബല്യത്തിരിക്കുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമോ അതാത് സമയം സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പ്രകാരമോ ഏതെങ്കിലും സർക്കാർ വകുപ്പോ അതിനു കീഴിലോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശ സ്വയം ഭരണ സ്ഥാപനമോ അല്ലെങ്കിൽ ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനമോ അല്ലെങ്കിൽ ഒരു നിയമാധിഷ്ടിത നികായമോ ജനങ്ങൾക്ക് പ്രധാനം ചെയ്യേണ്ടതായ 3-)0 വകുപ്പിൽ വിജ്ഞാപനം ചെയ്യപ്പെടാവുന്ന ഏത്ര്ങ്കിലും സേവനമാണ് .
സേവനാവകാശം
----------------------------
സേവനാവകാശം എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു സേവനം ലഭിക്കുന്നതിന് അരഹതയുള്ള ഒരാൾക്കുള്ള അവകാശമാണ്.ഒരാളിൽ നിന്നും സേവനത്തിനു വേണ്ടിയുള്ള അപേക്ഷ ലഭിച്ചാൽ നിയുക്ത ഉദ്യോഗസ്ഥൻ ആ സേവനം നൽകുകയോ അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ആ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടതാണ്. ഇപ്രകാരം അപേക്ഷ നിരസിക്കുമ്പോൾ അദ്ദേഹം അതിനുള്ള കാരണങ്ങൾ രേഖാമൂലം വിവരിക്കേണ്ടതാണ്. കൂടാതെ അപേക്ഷിക്കുന്ന ആൾക്ക് നിർബന്ധമായും റസീപ്റ്റ് നൽകേണ്ടതുമാണ്. അപേക്ഷ തീർപ്പാക്കാൻ എന്തെങ്കിലും രേഖകൾ ആവശ്യമാണെങ്കിൽ അക്കാര്യം ഉദ്യോഗസ്ഥൻ (ഫോം നമ്പർ -1) രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷ ലഭിച്ച തിയതി മുതൽ നിശ്ചിത സമയ പരിധി ആരംഭിക്കുന്നതാണ്. അപേക്ഷകൻ രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ രേഖകൾ ഹാജരാക്കിയ തിയതി മുതല്ക്കാകും സമയ പരിധി തുടങ്ങുക. കാലാവധി കണക്കാക്കുമ്പോൾ പൊതു അവധി കൂട്ടുവാൻ പാടില്ല.നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കിയില്ലെങ്കിലോ അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതോ ആയ ഒരാൾക്ക് ഒന്നാം അപ്പീൽ അധികാരി മുമ്പാകെ അപേക്ഷ നിരസിച്ച അല്ലെങ്കിൽ നിശ്ചിത സമയ പരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്.
സമയപരിധിക്കുള്ളിൽ സേവനം ലഭ്യമാക്കുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തുകയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ 8-)0 വകുപ്പിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ ചുമത്താവുന്നതാണ്. മതിയായതും യുക്തിസഹമായ കാരണങ്ങളില്ലാതെ സേവനം നൽകുന്നതിൽ നിയുക്ത ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയാൽ രണ്ടാം അപ്പീൽ അധികാരിക്ക് രേഖാമൂലമുള്ള ഒരു ഉത്തരവു വഴി കാരണങ്ങൾ വിവരിച്ചു കൊണ്ട് നിയുക്ത ഉദ്യോഗസ്ഥനുമേൽ 500 രൂപയിൽ കുറയാത്തതും 5000/- രൂപയിൽ കൂടാത്തതുമായ ഒരു പിഴ ചുമത്താവുന്നതാണ്.നിയുക്ത ഉദ്യോഗസ്ഥൻ സേവനം നൽകുന്നതിൽ കാലതാമസം വരുത്തിയാൽ ഇപ്രകരം താമസം വരുത്തിയ ഓരോ ദിവസത്തിനും 250/- രൂപ നിരക്കിൽ പരമാവധി 5000/- രൂപ വരെ പിഴ ഈടാക്കാവുന്നതാണ്
സേവനാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സേവനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്